ലോസ്റ്റ് കനേഡിയൻസ് പ്രശ്നം പരിഹരിക്കാൻ വീണ്ടും സമയം ആവശ്യപ്പെട്ട് കാനഡ സർക്കാർ

By: 600110 On: Dec 14, 2024, 2:38 PM

 

ലോസ്റ്റ് കനേഡിയൻസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ വീണ്ടും സമയം നീട്ടിനൽകണമെന്ന് ഫെഡറൽ സർക്കാർ  സുപീരിയർ കോടതിയിൽ ആവശ്യപ്പെട്ടു. സമയം നീട്ടി നൽകിയില്ലെങ്കിൽ അടുത്ത ആഴ്ചയോടെ അനേകം ആളുകൾ കനേഡിയൻ പൗരൻമാർ ആയി മാറുന്ന സാഹചര്യമാണുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സുപീരിയർ കോടതി മൂന്നാം തവണയും സമയം നീട്ടി നൽകണമെന്നാണ് സർക്കാറിൻ്റെ ആവശ്യം.    

കാനഡയിൽ ജനിക്കാത്ത കനേഡിയൻ പൌരന്മാർക്ക് വിദേശ രാജ്യങ്ങളിൽ വച്ചുണ്ടായ കുട്ടികളെയാണ് ലോസ്റ്റ് കനേഡിയൻസ് എന്നറിയപ്പെടുന്നത്. സമയം നീട്ടി നല്കിയില്ലെങ്കിൽ ഇത്തരക്കാർ ഒന്നടങ്കം പൌരന്മാർ ആകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 2009-ൽ, കുട്ടികൾ കാനഡയിൽ ജനിച്ചില്ലെങ്കിൽ പൗരത്വം നല്കാൻ കഴിയില്ലെന്ന നിയമം സർക്കാർ നടപ്പാക്കിയിരുന്നു. എന്നാൽ 2023-ൽ, കോടതി ഈ നിയമം ഭരണഘടനാവിരുദ്ധമെന്നു വിധിച്ചു. ഇതേ തുടർന്ന് ഈ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിലായിരുന്നു സർക്കാർ. രണ്ട് തവണ കോടതി ഇതിനായി  കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ നിയമനിർമാണത്തിലെ താമസങ്ങൾ പരിഹരിക്കാൻ സർക്കാറിനായില്ല. തുടർന്നാണ് കോടതിയിൽ വീണ്ടും സർക്കാർ സമയം തേടിയിരിക്കുന്നത്. ലോസ്റ്റ് കനേഡിയൻ സിൻ്റെ പ്രശ്നം പരിഹരിക്കാൻ മാർച്ച് 2025 വരെ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. പുതിയ നിയമത്തിലെ ഭേദഗതി അനുസരിച്ച്, മാതാപിതാക്കൾ അവരുടെ ജീവിതകാലത്ത് മൂന്ന് വർഷം കാനഡയിൽ ചെലവഴിച്ചാൽ പൗരത്വത്തിന് യോഗ്യരായിരിക്കും. അതേസമയം,ഇത്രയും സമയം ലഭിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.